Friday, May 22, 2020

ശൂന്യഭാവിയിലേക്കുള്ള വീഴ്ചകൾ


രണ്ടാം ലോകമഹായുദ്ധത്തിൽ പസഫിക് മേഖലകളിൽ വർഷിച്ച മൊത്തം ബോംബുകളേക്കാൾ കൂടുതൽ അമേരിക്ക വർഷിച്ചത് വടക്കൻ കൊറിയയിലായിരുന്നു. കൊറിയ വടക്കും തെക്കുമായത് അതിനു ശേഷമല്ലേയെന്ന വാദമുണ്ടാവാം. ഭൂമിശാസ്ത്രപരമായി എടുക്കുകയാവും നല്ലത്. ഒന്നൊഴിയാതെ മുഴുവൻ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നിർമ്മിതികളത്രയും കല്ലിൻമേൽ കല്ല വശേഷിക്കാതെ അമേരിക്ക ബോബ് വർഷിച്ച് തകർത്തു. വിളകളത്രയും വെള്ളപ്പൊക്കം കൊണ്ടു പോകുവാനായി ഡാമുകളത്രയും ബോംബിട്ടു തകർത്തു.ഭാവനയിൽ കൂടി കാണുക സാധ്യമല്ലാത്തത്രയും  നാശനഷ്ടങ്ങളുടെ വ്യാപ്തിയും ജീവഹാനിയും രാജ്യം നേരിട്ടു.  അംഗഭംഗം വന്നു മൃതപ്രായരായവർ ദുരിതക്കാഴ്ചയായി. ജാപ്പ് സാമ്രാജ്യത്വം സാംസ്കാരികമായി നശിപ്പിക്കാൻ പരമാവധി ശ്രമിച്ച് സ്വന്തം രാജ്യത്ത് അതിന്റെ പൗരൻമാരെ രണ്ടാം കിടക്കാരാക്കിയ ഭൂതകാല ദുരന്തത്തിനു മീതെയാണ് അമേരിക്കൻ ബോംബുകൾ തീമഴയായി പെയ്തത്.

അങ്ങിനെ എല്ലാ അർത്ഥത്തിലും  തകർന്നു തരിപ്പണമായ ഒരു ജനതയുടെ പ്രതീക്ഷയായാണ് കിം അധികാരത്തിലേറുന്നത്. ശേഷം കിം കുടുംബവാഴ്ച എന്ന ദുരന്തം.  തന്റെ സാമ്രാജ്യത്വ മോഹം ബോധത്തെ മറികടന്നപ്പോൾ കൊറിയൻ ഏകീകരണത്തിനായി സോവിയറ്റ് ടാങ്കുകളുമായി 1950 തെക്കൻ കൊറിയയിലേക്കു കിം സൈന്യം പാഞ്ഞുകയറി. തെക്കരാവട്ടെ അമേരിക്കൻ പിന്തുണ തേടി. അമേരിക്ക യു എൻ ബാനറിൽ കിട്ടിയ അവസരം മുതലാക്കി. കിമ്മിന്റെ സൈന്യത്തെ ആക്രമിച്ച് ചൈനീസ് അതിർത്തി വരെ തുരത്തിയപ്പോൾ അപകടം മണത്ത ചൈന കിമ്മിനൊപ്പം ചേർന്നതോടെ സമവാക്യങ്ങൾ മാറ്റിയെഴുതപ്പെട്ടു. കിമ്മിനു മാനം പോയില്ലെങ്കിലും 1953 യുദ്ധം അവസാനിക്കുമ്പോഴേക്ക് 30 ലക്ഷം ജീവൻ പൊലിഞ്ഞു.

അങ്ങിനെ ജപ്പാനും അമേരിക്കയും റഷ്യയും കിം കുടുംബവും അവരുടെ സ്വകാര്യ സ്വത്തായ ഒരു പാർട്ടിയും ചേർന്ന് നശിപ്പിച്ചതും നശിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു ദരിദ്ര ജനതയുടെ ദാരുണ ചിത്രമാണ് യോൻമി പാർക്കിന്റെ ഇൻ ഓർഡർ റ്റു ലിവ്. ജീവിക്കാൻ വേണ്ടി രാജ്യത്തു നിന്നും ഓടി രക്ഷപ്പെട്ട, ശ്രമത്തിനിടെ ചൈനീസ് ഇടനിലക്കാരാൽ ബലാൽസംഗം ചെയ്യപ്പെട്ട ഒരു പതിമൂന്നുകാരിയുടെ,മകളെ രക്ഷിച്ചെടുക്കാൻ റേപ്പിസ്റ്റുകൾക്ക് തന്നെത്താൻ സമർപ്പിച്ച ഒരമ്മയെ ഒക്കെ കാണുമ്പോഴാണ് സോഷ്യലിസം, ജനാധിപത്യം എന്നതൊക്കെയും ഏകാധിപതികളുടെ കൈകളിലെത്തിയാൽ ഒരു രാജ്യത്തിന്റെ അവസ്ഥ, അവരുടെ പെൺമക്കളുടെ ജീവിതം ഒക്കെ എങ്ങിനെയാണെന്നറിയുക. അരനൂറ്റാണ്ടോളം ഒരു രാജ്യത്തെ തന്റെ ഉരുക്കുമുഷ്ടിയാൽ ഭരിച്ചുമുടിച്ച കിം ഇൽ സുങ് 1994 എൺപത്തി രണ്ടാം വയസ്സിൽ മരിക്കുബോൾ യോൻമി പാർക്കിന് വയസ്സ് 9. അതിനകം സ്വയം ഒരുകൾട്ട് ഫിഗറാക്കി ഭരിക്കാനായി ജനിച്ച വിമോചനത്തിന്റെ പ്രവാചക പരിവേഷം ഏതൊരു സ്വേച്ഛാധിപതിയെയും പോലെ അയാളും എടുത്തണിഞ്ഞു. അതിനേറ്റവും എളുപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. അവിടെ കുട്ടികൾ കിം സൂക്തങ്ങൾ കാണാപാഠം പഠിച്ചു. വളരെ കഴിവുള്ളവളും സംസ്കാര സമ്പന്നയുമായ തന്റെ അമ്മയടക്കം ജനതയെ വടക്കൻ കൊറിയ പ്രപഞ്ചത്തിന്റെ കേന്ദമാണെന്നും കിം അമാനുഷ സിദ്ധികളുള്ള ആളാണെന്നും ചിരഞ്ജീവിയാണെന്നും ഒക്കെ വിശ്വസിപ്പിച്ചിക്കുവാൻ ഭരണകൂടത്തിനു കഴിഞ്ഞിരുന്നു എന്ന് അവൾ കുറിച്ചിടുന്നു. രാഷ്ട്രം എന്നാൽ കിം രാജ്യസ്നേഹം എന്നാൽ കിമ്മിനോടുള്ള സ്നേഹം എന്ന ഒരു സമവാക്യത്തിലേക്ക് താമസിയാതെ രാജ്യത്തെ പറിച്ചുനട്ടു. 

അമേരിക്ക അതിനകം നശിപ്പിച്ച രാജ്യത്തെ പിന്നീട് വെടക്കാക്കി തനിക്കാക്കുക ഒരു ഏകാധിപതിയെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു. അമേരിക്കൻ ബാസ്റ്റാർഡ്സിൽ നിന്നും വിപ്ലവ സർക്കാരിനെ രക്ഷിക്കാൻ എന്ന ന്യായത്തിൽ  രഹസ്യപ്പോലീസ് ഭീകരത അഴിച്ചുവിട്ട് വാണു. ആരെയും എപ്പോഴും അറസ്റ്റു ചെയ്യാം. പിന്നീടുള്ള പീഡനങ്ങളെ അതിജീവിച്ച് ഒരു തിരിച്ചുവരവുണ്ടെങ്കിൽ അതു ശൂന്യമായൊരു ഭാവിയിലേക്കുള്ള വീഴ് മാത്രമാവാം. ഒരിടത്ത് അമ്മ മകളോടു പറയുന്നത് നമ്മൾ മാത്രമേ ഉള്ളൂ എന്നു തോന്നിയാലും ശരി, ചുറ്റുലുമുള്ള പക്ഷികളെയും മൃഗങ്ങളെയും ഭയക്കണമെന്നാണ്,പറയുന്നത് അവ കൂടി കേൾക്കരുത്.  സകമാലിക മലയാളം ഈയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലേക്കുള്ള ലിങ്ക് ഇവിടെ - ശൂന്യഭാവിയിലേക്കുള്ള വീഴ്ചകൾ.

Wednesday, May 13, 2020

ഗാർഹിക രതിയും കാണാച്ചരടുകളും

ദാമ്പത്യം എന്നതു തൃഷ്ണകളിൽ നിന്നും ഉടലെടുക്കുന്ന, ഉടലുകളെ ചേർത്തുനിർത്തുന്ന ഒരു സമർപ്പിത രതിഭാവവും ലയവുമാണ്.  ഭാവി അനിശ്ചിതത്വങ്ങൾക്കു ആനുപാതികമായി ഏറിയും കുറഞ്ഞുമിരിക്കുന്നതാണ് തൃഷ്ണയുടെ തീവ്രത. ഒന്നിനുമൊരു നിശ്ചയവുമില്ലാത്ത, അനിശ്ചിതത്വവും അസ്ഥിരതയുമാണ് പ്രകൃതിയുടെ ശാശ്വത ഭാവം എന്നു നിരീക്ഷിച്ചിരുന്നു നമ്മുടെ തത്വചിന്തകർ. പ്രകൃതിയുടെ ഒരു സൂക്ഷ്മാംശമായി മനുഷ്യനെയും കണ്ടവർ ചഞ്ചലമായ പ്രകൃതിയിൽ അചഞ്ചലമായ ബന്ധത്തിനായുള്ള ശ്രമങ്ങളെ ചില്ലറ അഹങ്കാരമായാണു വീക്ഷിച്ചത്. ദൈവത്തെ ചിരിപ്പിക്കുവാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഭാവിപരിപാടികൾ മൂപ്പരോടു പറഞ്ഞാൽ മതിയെന്ന പഴമൊഴിയുടെ ഉത്ഭവം അവിടെയാവണം. എന്തിലുമേറെയായി സ്വന്തം കഴിവിൽ വിശ്വാസമുള്ള മനുഷ്യൻ സ്വന്തം പദ്ധതികളുമായി മുന്നോട്ടു തന്നെ പോയി. 

'മലയാളിയുടെ ജീവിതം മാറിമറിയാന്‍ ഡാം പൊട്ടണ്ട, തമിഴൻ്റെ ഫാം പൂട്ടിയാല്‍ മതി'


കൃഷി ഒരു സംസ്കാരമാണ്, ആദിമസംസ്കാരത്തിന്റെ  തിരുശേഷിപ്പ്സ്വാഭാവികമായും കർഷകർക്കു  ചൂഷകരാവുക സാദ്ധ്യമല്ല, എളുപ്പം ചൂഷിതരാവുകയാണ്. കടമെടുക്കുന്ന കർഷകൻ കയറെടുക്കുന്നതും  കടമെടുക്കുന്ന വ്യവസായി കടൽ കടക്കുന്നതും പലപ്പോഴായി നാം കാണുന്നതാണ്നീണ്ട അനുഭവങ്ങളെ വാറ്റിയെടുത്ത, പഴകുന്തോറും വീര്യം കൂടുന്ന, ചിന്തകളെ തൊട്ടുണർത്തുന്ന, പഴമൊഴികൾ ഒരോ സംസ്കാരത്തിന്റെയും സൌന്ദര്യമാണ്. കേരളത്തിലെ കാർഷിക മേഖല നമുക്കു സമ്മാനിച്ചത്  പഴഞ്ചൊല്ലുകളുടെ ഒരു ഖനി തന്നെയാണ്. ഒരു സംസ്കാരത്തിനു മാത്രം ഭാഷയ്ക്ക് സംഭാവന ചെയ്യാനാവുന്നതാണ് പഴമൊഴികൾവിത്തുഗുണം പത്തുഗുണമെന്ന  കർഷകരുടെ ആർജ്ജിതമായ അറിവിനു ജീനുകളാണ് സ്വഭാവം ഏറെയും നിർണയിക്കുന്നതെന്നു കണ്ടെത്തി ശാസ്ത്രം അടിവരയിടുന്നത് പിന്നീടാണ്. ചില സ്വഭാവങ്ങൾ മുളയിലേ നുള്ളേണ്ടതാണെന്ന തിരിച്ചറിവും നമുക്കു സമ്മാനിച്ചത് കർഷകരാണ്പതിരില്ലാത്ത കതിരില്ല, കളയില്ലാത്ത വിളയില്ല എന്ന ചൊല്ലിലുണ്ട് പൊതുസമൂഹത്തിന്റെ പരിച്ഛേദം. മലയാളിയുടെ ആർജ്ജിതമായ അറിവിനു പിന്നിലും മലയാളികളെ നമ്പർ വൺ ആക്കിയതിനു പിന്നിലും കർഷകരുടെ വിയർപ്പാണ്, ബോധവും.

രോഗങ്ങൾ ലോകത്തെ ചികിത്സിക്കുമ്പോൾ


മനുഷ്യൻ ചന്ദ്രനിലേക്കു കാലുകുത്തിയത് 1969ലാണെങ്കിൽ, കൊറോണ വൈറസിനെ കണ്ടെത്തിയത് 1960ലാണ്. ചന്ദ്രനിൽ പിന്നെ കാലു കുത്തിയില്ല, കൊറോണയുടെ കാലു കൊത്തിയതുമില്ല. 60 വർഷം മുന്നെ, നമ്മളിൽ പലരും ജനിക്കുന്നതിനു മുന്നേ ശാസ്ത്രജ്ഞർ കണ്ടെത്തിയ  കൊറോണയാണ് പല രൂപഭാവങ്ങളിൽ, ഒടുവിൽ കോവിഡ് 19 ആയി,  അവതരിച്ചതായി ശാസ്ത്രം കണ്ടെത്തുന്നത്. കണ്ടെത്തലും തിരിച്ചറിവും രണ്ടാണ്. കണ്ടെത്തൽ ബുദ്ധിയുടെ കണക്കിലും തിരിച്ചറിവു വിവേകത്തിന്റെ കണക്കിലും വരവു വെക്കപ്പെടേണ്ടതാണ്. കണ്ടെത്തലുകളുടെ ധാരാളിത്തത്താൽ പരിഹരിക്കാവുന്നതല്ല തിരിച്ചറിവുകളുടെ ഇല്ലായ്മകളും വല്ലായ്മകളും കൊണ്ടുചെന്നെത്തിച്ച ഒരു പ്രതിസന്ധി. അറുപതു വർഷം മുന്നേ മനുഷ്യൻ കണ്ടെത്തിയ ഒരു വൈറസിന് ഇത്രമേൽ വലിയ ഒരാഘാതം മനുഷ്യരാശിക്കുമേൽ പതിപ്പിക്കാനായത് മറ്റെങ്ങിനെയാണ്? ഒന്നുകിൽ  സംഭവ്യമായ അപകടങ്ങളെ നമ്മൾ അവഗണിച്ചു അല്ലെങ്കിൽ നമ്മുടെ മുൻഗണനകളെ അനർഹവും അവിഹിതവുമായ സർവ്വതും അപഹരിച്ചു. മനുഷ്യ ശരീരത്തെ മാത്രമല്ല, ബോധമില്ലാത്ത ഭരണസംവിധാനങ്ങളുടെയും, വിശ്വാസപ്രമാണങ്ങളുടെയും, തത്വദീക്ഷയില്ലാത്ത തത്വചിന്തകളുടെയും,  അസ്തിത്വത്തെ കൂടിയാണ് കൊറോണ പിടിച്ചുലയ്ക്കുന്നത്.   

നാടെന്തുകൊണ്ട് നാലുകാലിൽ


ലഹരി എന്ന വാക്കു പ്രണയം പോലെ സുന്ദരമാണ്. ചില്ലയുടെ ശീതളഛായയിൽ ഒരു കവിത, പാനപാത്രം നിറയെ വീഞ്ഞും പിന്നെയാ വന്യതയിൽ എന്നരികിലിരുന്നു പാടുവാൻ നീയും എന്നാണ്  ഒമർ ഖയ്യാം പാടിയത്. കവിതയുടെ, വീഞ്ഞിന്റെ പ്രണയത്തിന്റെയും ലഹരിയിൽ മരുഭൂമി പോലും ഏദൻതോട്ടമാവുന്ന കവിഭാവനയാണത്. വായന ഒരു ലഹരി, സംഗീതം ഒരു ലഹരി, ഇനി ജീവിതം തന്നെ ലഹരി എന്നൊക്കെ പറയുമ്പോൾ ലഹരി അത്ര മോശപ്പെട്ട സംഗതിയൊന്നുമല്ല. ദേവൻമാർ സുരൻമാരാണു, അതായതു സുര പാനം ചെയ്യുന്നവർ. സ്വഭാവം ഇല്ലാത്തവർ അസുരൻമാരുമായതാണ് നമ്മുടെ ചരിത്രം. സുര സുരനു ലഹരിയാണ്. സുരതത്തിലും ഒരു സുരയുണ്ട്. ജലത്തിന്റെ അധിദേവനാണു വരുണൻ, വെള്ളത്തിൽ ഉൽക്കൃഷ്ടമായതാവണം മദ്യം.   അല്ലെങ്കിൽ മദ്യമെന്നു അർത്ഥമാവുന്ന സുര എന്ന പേരു വരുണന്റെ ഭാര്യയ്ക്കു വീഴുമായിരുന്നില്ല. വൈക്കോലിനെ ഉണക്കുകയും വെണ്ണയെ ഉരുക്കുകയും ചെയ്യുക ഒരേ സൂര്യൻ തന്നെയാണ്. മദ്യവും അതുപോലെയാണ്. ഒരേസമയം കേളനെ നിഷ്കളങ്കനും കോമനെ കൊടുംക്രൂരനുമാക്കാൻ ശേഷിയുള്ള സാധനമാണു മദ്യം. സംഗതി ഉപയോഗിക്കുന്നവന്റെ ബോധത്തെ ആശ്രയിച്ചിരിക്കും.  ജാതി-മത-രാഷ്ട്രീയ-ലിംഗ ഭേദമന്യേ മനുഷ്യനെ ഉണർത്തുകയും മയക്കുകയും ചെയ്യുന്ന സാധനമാണു മദ്യം.  മദ്യം എന്ന വാക്കിന്റെ അർത്ഥം മദമിളക്കുന്നത് എന്നാണ്. അതുകൊണ്ടു വിദ്യാർപ്പണം മാത്രമല്ല മദ്യാർപ്പണവും പാത്രമറിഞ്ഞുവേണം. വെള്ളമടിച്ചു സർവ്വസ്വം പോയി എന്നു പറയുന്നവന്റെ സർവ്വസ്വവും അടിച്ചുമാറ്റിയവനും മിക്കവാറും വെള്ളമടിക്കുന്നവൻ തന്നെയാവാം. പക്ഷേ വ്യത്യാസം വെള്ളമടിയിലേതാണ്.   ഒന്നു ബോധത്തിനു വളമാണെങ്കിൽ, മറ്റേതു ബോധത്തിന്റെ കൂമ്പുചീയലാണു.

ബൗദ്ധികശേഷിയുടെ അളവുകോലുകള്‍ തകരുമ്പോള്‍: സമമാവേണ്ടത് ലിംഗമല്ല, ബോധമാണ്


പെൺ മസ്തിഷ്കം ആണിന്റേതിനെ അപേക്ഷിച്ച് തരം താണതാണെന്ന ഒരു ബോധം നൂറ്റാണ്ടുകളായി നമ്മെ ഭരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ആണധികാരത്തിലേയ്ക്കുള്ള കുറുക്കുവഴിയായി  വികസിപ്പിച്ചെടുത്ത ഒരു  മിത്തിനെ ഇടിച്ചു നിരത്തുകയാണ് ജെൻഡേർഡ് ബ്രെയിൻ. എഴുതിയത്  ബിർമിങ്ഹാമിലെ ഓസ്റ്റൺ സർവ്വകലാശാലയുടെ കീഴിലെ ഓസ്റ്റൺ ബ്രെയിൻ സെന്ററിൽ കോഗ്നിറ്റീവ് ന്യൂറോ സയൻസ് വിഭാഗം ഗവേഷകയും പ്രൊഫെസറുമായ ജിനാ റിപ്പൺ.   ശാസ്ത്രലോകത്തെക്കാളുപരി സാംസ്കാരികലോകം വായിച്ചിരിക്കേണ്ട ഒന്നാണിത്. പെൺബുദ്ധി എന്ന വാക്കുതന്നെ  പ്രചാരത്തിലുള്ള നാടാണു നമ്മുടേത്.  തലയോടുകളിൽ ധാന്യമണികൾ നിറച്ചു തൂക്കമെടുത്തു താരതമ്യം ചെയ്താണ് ആദിയിൽ പെൺ മസ്തിഷ്കങ്ങളെ എഴുതിത്തള്ളിയ ഓലകൾ രചിക്കപ്പെട്ടത്.   മസ്തിഷ്കത്തിന്റെ ഇല്ലാത്ത മേൻമയുടെ പുറത്തായിരുന്നു അധികാരത്തിന്റെ പൊതുമേഖലകളത്രയും  ആണിനാക്കി നിജപ്പെടുത്തിയതും പെണ്ണിനെ ആണിന്റെ സ്വകാര്യസ്വത്താക്കി വരവുവെച്ചു അധികാരത്തിന്റെ പരിധിക്കു പുറത്താക്കിയതും.  നൂറ്റാണ്ടുകളായി നടന്ന സാമൂഹികമായ ഇടപെടലുകളാണ് ജെൻഡർ ബ്ലണ്ടറിനെ കുറച്ചൊക്കെയും തകർത്തു മുന്നേറാൻ സമൂഹത്തെ പ്രാപ്തമാക്കിയത്.  പ്രൊഫ. ജിനാ റിപ്പൺ ശാസ്ത്രീയമായിത്തന്നെ  കത്തിവെയ്ക്കുന്നത്   ജെൻഡർ ബ്ലണ്ടറിന്റെ കടയ്ക്കലാണ്.  

ജീവചരിത്രങ്ങൾ ഒളിഞ്ഞുനോക്കുമ്പോൾ


ഈ ലോകത്തു ജീവിച്ച ഏറ്റവും സത്യസന്ധനായ മനുഷ്യന്‍ മഹാത്മാ ഗാന്ധിയാവണം. ലോകത്ത് എൺപതോളം രാജ്യങ്ങള്‍ അദ്ദേഹത്തിൻ്റെ
പേരില്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി ഇരുപതിലേറെ സിനിമകളില്‍ ഗാന്ധി കഥാപാത്രമായിട്ടുണ്ട്, രണ്ടു ഡോക്യുമെൻ്ററികളും രണ്ടു സിനിമകളും ആ ജീവിതത്തെ പറ്റിയുണ്ട്. ലോകരാഷ്ട്രങ്ങള്‍ ശില്പങ്ങളിലൂടെ, സ്ഥലനാമങ്ങളിലൂടെ, മറ്റു കലാസൃഷ്ടികളിലൂടെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വ്യക്തി ലോകം കീഴടക്കുമ്പോഴാണ് ആ നാമം വിശേഷണമായി മാറുത്. അമേരിക്കന്‍ ഗാന്ധി, ആഫ്രിക്കന്‍ ഗാന്ധി, ശ്രീലങ്കന്‍ ഗാന്ധി, അതിര്‍ത്തി ഗാന്ധി, ആധുനിക ഗാന്ധി, കേരളഗാന്ധി, മയ്യഴിഗാന്ധിയുമൊക്കെയായി ഗാന്ധി ഒരു നക്ഷത്രസമൂഹമായി ലോകത്തു ജീവിച്ചികൊണ്ടിരിക്കുന്നു.



Friday, September 13, 2019

ഗുരു മൂന്നാംകിട ദൈവമല്ല, ഒന്നാംകിട മനുഷ്യന്‍

ഒരു കാല്‍നൂറ്റാണ്ടു മുന്നേയുള്ള നാടിനെ ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ
മാറിയ സാമൂഹികാവസ്ഥയും പുതിയസമവാക്യങ്ങളും നമ്മെ അദ്ഭുതപ്പെടുത്തുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെ ചിന്തകളെ റീവൈന്‍ഡ് ചെയ്ത് ജാതീയമായ സാമൂഹികക്രമത്തെയും നാട്ടുജീവിതത്തെയും വീണ്ടെടുക്കുമ്പോഴാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചതില്‍ ശ്രീനാരായണഗുരുവിന്റെ പങ്ക് കാണാനാവുക. ഓര്‍ക്കണം, ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും കയറാമെന്നതിന് ഒരു രാജവിളംബരം വേണ്ടിവന്ന നാടാണിത് - 1936 ക്ഷേത്രപ്രവേശന വിളംബരം.

മലയാളഭാഷയില്‍, ഞാന്‍ വായിച്ച ഏറ്റവും ഹൃദ്യമായ വരികള്‍
'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍'
എന്നതാണ്. 
ആശാനും ഗുരുവും സമ്മേളിച്ച കാലാതീതമായ വരികള്‍. ആശാന്റെ ഭാവനാലോകവും ഗുരുവിന്റെ ചിന്താലോകവും ചേര്‍ത്തു വാറ്റിയെടുത്ത പകരം വെയ്ക്കാനില്ലാത്ത വരികള്‍. മഠങ്ങളുടെ ചുവരുകളിലല്ല, കേരളത്തില്‍ മുഴുവന്‍ സ്ഥാപനങ്ങളുടെ ചുവരുകളിലും ആളുകളെ സ്വാഗതം ചെയ്യേണ്ട വരികളാണവ, മുഴുവന്‍ പാര്‍ട്ടി ഓഫീസുകളിലും ചില്ലിട്ടുവെയ്‌ക്കേണ്ട വരികള്‍.

1968ല്‍ കറുത്തവരുടെ പൗരാവകാശങ്ങള്‍ക്കായി ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, അദ്ദേഹം കൊലചെയ്യപ്പെടുന്നതിനു തൊട്ടു മുന്‍പ് ടെന്നസിയില്‍ നടത്തിയ പൗരാവകാശ പ്രക്ഷോഭത്തില്‍ ഉയര്‍ത്തിയ ബാനര്‍ 'ഞാനൊരു വ്യക്തിയാണ്,.  മനുഷ്യന്‍' എന്നാണ്. അതിനും വര്‍ഷങ്ങള്‍ മുന്നേയായിരുന്നു ഗുരു ഇവിടെ അതേ പ്രഖ്യാപനം നടത്തിയത്. ഈ ലോകത്ത് കാലത്തിനു മുന്നേ നടന്ന പ്രതിഭകളില്‍ ഒരാളാണു ഗുരു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ കാല-ദേശാതീതമാവുന്നത്.

ചാതുര്‍ വര്‍ണ്യം മയാ സൃഷ്ട - അതായത് നാലുജാതികള്‍ ഉണ്ടാക്കിയതു ഞാനാണ് എന്നു ഭഗവാനെക്കൊണ്ടു ബ്രാഹ്മണന്‍  പറയിച്ചു കൂട്ടിച്ചേര്‍ത്തതായി കുട്ടികൃഷ്ണമാരാര്‍ പറഞ്ഞ ആ ഗീതാവാക്യത്തിനുള്ള കൃത്യമായ മറുപടികളാണ് താഴെയുള്ള താഴെയുള്ള ഗുരുവചനങ്ങളത്രയും.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
ഒരു യോനിഒരാകാരം ഒരു ഭേദവുമില്ലതില്‍
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍?
പറച്ചിയില്‍ നിന്നു പണ്ട് പരാശര മഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
ഇല്ല ജാതിയിലന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?
ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.

ജാതിക്കുമപ്പുറം മതത്തിന്റെ വേലിക്കെട്ടുകള്‍ കൂടി തകര്‍ത്തെറിഞ്ഞു പുതിയ സമൂഹ സൃഷ്ടിയുടെ സ്വപ്‌നമാണ്

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണ്ിത്
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.

എന്നീ പ്രഖ്യാപനങ്ങളില്‍...

അവിടെ നിന്നും ഗുരുചിന്തകള്‍ വീണ്ടും മുന്നോട്ടു പോവുകയാണ് - വിശ്വാസമല്ല, അറിവാണ് ആയുധമെന്ന പ്രഖ്യാപനത്തിലേയ്ക്ക്, ശക്തമായ സംഘടനകളുടെ തിരുത്തല്‍ ശേഷിയിലേക്ക്, സാമ്പത്തിക പുരോഗതിയിലൂടെയുള്ള സാമൂഹികവിപ്ലവത്തിലേയ്ക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുവാനും സംഘടനകൊണ്ടു ശക്തരാകുവാനും പ്രയത്‌നം കൊണ്ടു സമ്പന്നരാകുവാനും ഗുരു ഉപദേശിച്ചു.

ഏതുവഴിയിലൂടെയും സമ്പന്നരാവാന്‍ ആളുകള്‍ നെട്ടോട്ടമോടുന്ന കാലമാണ്.  സമ്പത്തുകൊണ്ടു എല്ലാ കൊള്ളരുതായ്മകളെയും റദ്ദുചെയ്യാവുന്ന കാലവുമാണ്. ആ കാലത്ത് പ്രയത്‌നത്തില്‍ മാത്രം ഊന്നിയ സാമ്പത്തിക ഉന്നമനം, സമ്പദ്‌സൃഷ്ടി എന്നതു എന്തുമാത്രം പ്രസക്തവും സുന്ദരവുമായ ആശയമാണ്. സായിപ്പിന്റെ കൊട്ടിഘോഷിക്കുന്ന കോണ്‍ഷ്യസ് കാപ്പിറ്റലിസം വേറെയെന്താണ്? 

സമ്പത്തിനോടോ സുഖജീവിതത്തിനോടോ മമതയില്ലാത്ത ഒരു യോഗിയെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ അവസാന പ്രഖ്യാപനം. എല്ലാ പ്രവാചകരെയും പരീക്ഷിക്കാനായി ദൈവം കുറച്ചു ശിഷ്യരെ അങ്ങോട്ടയച്ചുകൊടുക്കും എന്നു പറഞ്ഞതാരാണെന്നറിയില്ല. അജ്ജാതി ശിഷ്യരെ കൊണ്ടു പൊറുതിമുട്ടിയ പ്രവാചകന് ഒടുവില്‍ ഗത്യന്തരമില്ലാതെ ഒരു വിളംബരം പുറപ്പെടുവിപ്പിക്കേണ്ടിവന്നതും ചരിത്രം. ക്ഷേത്രത്തില്‍ ജാതിഭേദമന്യേ പ്രവേശിക്കാമെന്ന ആ രാജവിളംബരം പോലെ താന്‍ ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ലെന്ന ഗുരുവിളംബരവും നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. ഒരുജാതി ഒരുമതത്തില്‍ നിന്നും മതാതീതനായി ഉയര്‍ന്ന ഗുരുവാണ് വിളംബരത്തില്‍.

കാലത്തിനുമുന്നേ, അത്യുന്നതങ്ങളില്‍ സഞ്ചരിക്കുന്നവരെ എത്തിപ്പിടിക്കാന്‍ പറ്റുന്നില്ലെങ്കില്‍, വലിച്ചു താഴെയിട്ടു നമുക്കൊപ്പം നടത്തിക്കുന്നതാണ് നടപ്പുരീതി. 'ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം'' എന്ന അയ്യങ്കാളി വചനത്തോടെ, ഗുരുസ്മരണ മുഴുമിപ്പിക്കുന്നു.